03:08pm 05 October 2026
NEWS
പെട്രോളിനും ഡീസലിനും വിലകൂട്ടി നയാര എനർജി; പുതിയ നിരക്ക് അറിയാം
05/10/2026  11:38 AM IST
nila
പെട്രോളിനും ഡീസലിനും വിലകൂട്ടി നയാര എനർജി; പുതിയ നിരക്ക് അറിയാം

കൊച്ചി: രാജ്യത്തെ പ്രമുഖ സ്വകാര്യ എണ്ണക്കമ്പനിയായ നയാര എനർജി പെട്രോൾ, ഡീസൽ വിലയിൽ വൻ വർധന വരുത്തി. പെട്രോൾ ലീറ്ററിന് ഒറ്റയടിക്ക് 5 രൂപയും ഡീസലിന് 3 രൂപയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ നയാര പമ്പുകളിലെ പെട്രോൾ വില ലീറ്ററിന് 118.89 രൂപയായി. ഡീസൽ വില 105.50 രൂപയിലുമെത്തി.

അതേസമയം, ജിയോ ബിപിയും പൊതുമേഖലാ എണ്ണക്കമ്പനികളും നിലവിൽ ഇന്ധനവില വർധിപ്പിച്ചിട്ടില്ല. കൊച്ചിയിൽ പൊതുമേഖലാ എണ്ണക്കമ്പനികളുടെ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ നയാരയുടെ പെട്രോൾ വിലയിൽ 3.40 രൂപയുടെയും ഡീസലിൽ 1.10 രൂപയുടെയും വ്യത്യാസമാണുള്ളത്.

ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനയാണ് നയാരയുടെ പുതിയ വിലവർധനയ്ക്കു പിന്നിലെ പ്രധാന കാരണം. നേരത്തെ മാർച്ചിലും ക്രൂഡ് വില ഉയർന്നതിനെ തുടർന്ന് കമ്പനി ഇന്ധനവില കൂട്ടിയിരുന്നു. പിന്നീട് രാജ്യാന്തര വിപണിയിൽ ക്രൂഡ് വില കുറഞ്ഞതോടെ വിലയിൽ കുറവ് വരുത്തുകയും ചെയ്തു. എന്നാൽ പശ്ചിമേഷ്യയിലെ സംഘർഷം വീണ്ടും രൂക്ഷമായതോടെ ക്രൂഡ് ഓയിൽ വില ഉയർന്നതാണ് നയാര വീണ്ടും വില കൂട്ടാൻ കാരണമായത്.

ഇതിനിടെ മേയ് മാസത്തിൽ പൊതുമേഖലാ എണ്ണക്കമ്പനികളും പെട്രോളിനും ഡീസലിനും ലീറ്ററിന് 8 രൂപ വീതം വർധിപ്പിച്ചിരുന്നു. നിലവിൽ കൊച്ചിയിൽ പൊതുമേഖലാ കമ്പനികളുടെ പെട്രോൾ വില 113.63 രൂപയും ഡീസൽ വില 102.54 രൂപയുമാണ്.

രാജ്യത്തെ ഇന്ധനവിപണിയിൽ പൊതുമേഖലാ കമ്പനികൾക്കാണ് ഇപ്പോഴും വലിയ ആധിപത്യം. ഇന്ത്യയിലെ ഏകദേശം 90 ശതമാനം പെട്രോൾ പമ്പുകളും ഇന്ത്യൻ ഓയിൽ (ഐഒസി), ഭാരത് പെട്രോളിയം (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം (എച്ച്പിസിഎൽ) എന്നീ പൊതുമേഖലാ കമ്പനികളുടെ കീഴിലാണ്. രാജ്യത്താകെ 1.04 ലക്ഷം പെട്രോൾ പമ്പുകളാണുള്ളത്.

ക്രൂഡ് വിലയിലെ സമ്മർദം തുടരുന്നതിനിടെ പൊതുമേഖലാ എണ്ണക്കമ്പനികൾ നേരിടുന്ന നഷ്ടവും ചർച്ചയാകുന്നുണ്ട്. പെട്രോൾ ലീറ്ററിന് 8 രൂപയും ഡീസൽ ലീറ്ററിന് 9 രൂപയും കമ്പനികൾക്ക് നഷ്ടമുണ്ടാകുന്നതായി റേറ്റിങ് ഏജൻസിയായ ഇക്ര അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. പെട്രോൾ, ഡീസൽ, എൽപിജി വിൽപനയിലൂടെ കമ്പനികൾക്ക് പ്രതിദിനം ഏകദേശം 530 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഇന്ധനവില – തിരുവനന്തപുരം

പെട്രോൾ: 115.49 രൂപ
ഡീസൽ: 104.40 രൂപ

(ഇന്ത്യൻ ഓയിൽ നിരക്ക്)

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img